നിഷ നാരായണൻ
അയാള്‍!
നല്ലവനായ അയാള്‍..
അയാള്‍ മരിച്ചുപോയി.
ഇന്നലെ രാത്രി,അരപ്ളേസിന്മേല്
ഒരു പല്ലി ഉറങ്ങുന്നതും നോക്കി ചുമ്മാ ഇരിക്കുകയായിരുന്നു.
കൈതയുടെ ദുര്‍ബലമായ ഒരു തണ്ടില്‍
പറ്റിപ്പിടിച്ച് അതുറങ്ങുകയാണ്.
ഉറക്കം അപകടകാരിയാണ്.
ഉറക്കത്തിന്നിടയില്‍ പ്രാണന് നഷ്ടപ്പെടാതിരിക്കാന്‍ പല്ലി
പാരിസ്ഥിതികമായ ,
സ്വയംരൂപീകൃതമായ
ഒരു നയം അവലംബിച്ച് ഉറങ്ങുകയാണ്.
മരണം വലിയ കാര്യമായ സംഭവമൊന്നുമല്ല.
അയാളുടെ മരിച്ചറിയിപ്പ് വന്നപ്പോഴും
രാത്രി,അതേപടി തന്നെയിരുന്നു.
രാത്രിയ്ക്കൊരു മാറ്റവുമില്ല.
ആരു മരിച്ചാലും രാത്രി ഇങ്ങനെ തന്നെയിരിക്കും.
അതിസുന്ദരനായ അയാള്‍!
നിലാവുപോലുള്ള ചിരി.
വിടര്‍ന്ന ബാഹുക്കള്‍
കുറെ തവണ ഞങ്ങള്‍ കണ്ടിട്ടുണ്ട്
വര്‍ത്തമാനങ്ങള്‍ ഒരുപാട് പറഞ്ഞിട്ടുണ്ട്.
സഹൃദയനും ധര്‍മിഷ്ഠനുമായ അയാള്‍
അശരണരെ സഹായിക്കും.
ഹൃദയാലുവാണ്,
തമാശകള്‍ക്ക് പൊട്ടിപ്പൊട്ടിച്ചിരിക്കുകയും ചെയ്യും.
മരണവീട്ടിലൊന്നു പോണം.
ഒരുപാട് ആളുകള്വന്നുകൂടിയിട്ടുണ്ടാകും.
അയാള്‍ക്ക് നല്ല സഹജീവിബോധമുണ്ടായിരുന്നു.
ഉറങ്ങുമ്പോളയാള് ഒരു കണ്ണ് തുറന്നുവെച്ചാണുറങ്ങുക.
അര്ധനിദ്ര.
തലച്ചോറിന്റെ ഒരു ഭാഗത്തുമാത്രമായിരിക്കും
അയാള്‍ സ്വപ്നവും കാണുക..
ഒരിക്കല്‍ അയാളെ കണ്ടപ്പോള്‍
ഒരുപാടാളുകളുടെ ഇടയില്‍ നിന്ന്
ഓടിവന്ന് കെട്ടിപ്പിടിച്ച് ഒരു ചുംബനം!
ഒരു മധുരചുംബനം തിരിച്ചും വെച്ചുകൊടുത്തു.
ആള്‍ക്കൂട്ടത്തില്‍ ജാള്യത മറയ്ക്കാന്‍
അത് കരണീയമാണ്.
എനിക്കയാളെ ഒരു മാതിരി നല്ലവണ്ണം അറിയാം
അയാളൊരു നല്ലവനാണ്.
ജാതി പറയില്ല,
മനുഷ്യകുലത്തോട് അപാരസ്നേഹമാണ്,
ഞങ്ങളൊരുമിച്ചിരുന്ന്
പുട്ടും കടലയും മുട്ടറോസ്റ്റും ഒക്കെ കഴിച്ചിട്ടുണ്ട്.
രാവിലെയാണ് മൃതസംസ്കാരം.
രാവിലത്തെ വണ്ടിക്ക് പോണം.
ആരോ മൈദകൊണ്ട് കുഴച്ചുവച്ചുപിടിപ്പിച്ചപോലെ
ആ പല്ലി ഇപ്പഴും കൈതത്തണ്ടില്‍ പറ്റിപ്പിടിച്ചുറങ്ങുകയാണ്.
അയാള്‍ ഇപ്പഴും തൊട്ടടുത്തിരുന്ന്
തമാശകള്‍ പറയുംപോലെ തോന്നുന്നു.
എന്റെ പൊന്നുദൈവമേ,
ഇങ്ങനെയൊക്കെ തോന്നുന്നുവല്ലോ.
എല്ലാം തോന്നലാണ്.
അയാള്‍ എങ്ങോട്ടാണ് പോയത്.
ഞാനും പോകുമല്ലോ.
ഞാനും എങ്ങോട്ടാണു പോവുക?
കൈതത്തണ്ടിലെ ആ പല്ലി
ഉറക്കത്തിലെ അപകടങ്ങളെ
മറികടന്ന്
നാളത്തേയ്ക്ക് ഉണരുമായിരിക്കും അല്ലേ..
എത്ര മണിക്കൂറുകളാണാവോ പല്ലികള്‍ ഉറങ്ങുക.
nisha narayanan